പ്രധാന വഴിപാടുകള്‍

നീരാജനം

ശനി ദോഷം അഥവാ ശനിബാധയില്‍ നിന്നുള്ള മുക്തിയ്ക്കായുള്ള നീരാജനം വഴിപാട്‌ ശാസ്താവിന്‌ പ്രിയമാണ്‌. ശാസ്താവിനുമുന്നില്‍ നാളികേരം ഉടച്ച്‌ പരന്ന പാത്രത്തില്‍ അരി നിറച്ച്‌ അതില്‍ രണ്ടു ഭാഗമായി ഉടച്ച നാളികേരത്തില്‍ എള്ളെണ്ണ നിറച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ ഈ വഴിപാട്‌. ഭക്തജനങ്ങള്‍ ഇതിനാവശ്യമായ നാളികേരം കൊണ്ടുവരേണ്ടതാണ്.


നെയ്യഭിഷേകം

അയ്യപ്പസ്വാമിയുടെ ഇഷ്ടവഴിപാടാണ് നെയ്യഭിഷേകം. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമായി‌ നെയ്യഭിഷേകം കണക്കാക്കപ്പെടുന്നു. രാവിലെ ഏഴുമണി വരെ മാത്രമേ നെയ്യഭിഷേകം നടത്താറുള്ളു. നെയ്യഭിഷേകത്തിനായി മുന്‍കൂട്ടി ബുക്കുചെയ്യുകയും അഭിഷേകസമയത്ത് സന്നിഹിതനായിരിക്കേണ്ടതുമാണ്‌. അഭിഷേകത്തിനു ശേഷം ആടിയ ശിഷ്ടം നെയ്യ് ഭക്തജനങ്ങള്‍ക്ക്‌ പ്രസാദമായി നല്‍കും.


ഉത്രംവായന

എല്ലാ മലയാളമാസത്തിലെയും ഉത്രം നാളില്‍ നാളില്‍ രാവിലെ മുതല്‍ അയ്യപ്പഭാഗവത പാരായണവും ഉച്ചപ്പൂജയ്ക്കുശേഷം അന്നദാനവും നടത്തിപ്പോരുന്നു. ധര്‍മ്മശാസ്താവിന്റെ ജന്മനക്ഷത്രമാണ്‌ ഉത്തരഫാല്‍ഗുനി അഥവാ ഉത്രം. ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി ഭകത ജനങ്ങള്‍ തങ്ങളുടെ ജന്മമാസത്തില്‍ ഉത്രം വായന നടത്തുന്നപതിവുണ്ട്. ഉത്രം വായന മാസത്തില്‍ ഒരു ദിവസം മാത്രമുള്ള വഴിപാടായതിനാല്‍ അനുയോജ്യമായ മാസം മുന്‍കൂട്ടി ബുക്കുചെയ്യേണ്ടതാണ്‌.


ശനീശ്വരപൂജ

ശനിദോഷ നിവാരണത്തിനായി ശനിയുടെ ദേവനായ ധര്‍മ്മശാസ്താവിനെ പ്രീതിപ്പെടുത്തുന്നതിനുള്ള വിശേഷാല്‍ പുജയാണ്‌ ശനീശ്വരപൂജ. ഓരോദിവസവും നടത്തുന്ന പൂജകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ മുന്‍കൂട്ടി ബുക്കുചെയ്യേണ്ട വഴിപാടാണിത്.


ഒരുദിവസത്തെ പൂജ

ശ്രീധര്‍മ്മശാസ്താവിനും, ശ്രീപരമേശ്വരന്‍, ശ്രീഗണപതി, അന്നപൂര്‍ണ്ണേശ്വരി തുടങ്ങിയ ഉപദേവതകള്‍ക്കും പ്രത്യേക പൂജകളും നിവേദ്യങ്ങളും അര്‍പ്പിക്കുന്ന ഒരു ദിവസത്തെ പൂജ സര്‍വ്വാഭീഷ്‌ടപ്രദവും സര്‍വ്വവിഘ്‌നഹരവുമാണ്‌. സാധാരണയായി ഭക്തരുടെ ജന്മനക്ഷത്രത്തിലും, ഉത്സവദിനങ്ങളിലും, ശാസ്താവിനു പ്രിയപ്പെട്ട ദിനങ്ങളായ ശനിയാഴ്ച, മകരസംക്രമം, മണ്ഡലകാല ദിനങ്ങള്‍, ഉത്രം നക്ഷത്രം, തുടങ്ങിയദിവസങ്ങളിലും ഭക്തജനങ്ങള്‍ ഒരുദിവസത്തേപൂജ നടത്താറുണ്ട്. ഒരുദിവസത്തെ പൂജയ്ക്ക് മുന്‍കൂട്ടി ബുക്കുചെയ്യേണ്ടതാണ്.


ഗണപതിഹോമം

സര്‍വ്വ വിഘ്നനിവാരണം, ശുഭകാര്യങ്ങളുടെ ആരംഭം, ഐശ്വര്യം, ഉദ്ദിഷ്ടകാര്യ പ്രാപ്തി എന്നിവക്കു ഗണപതി ഹോമം നടത്തി നടത്തിവരുന്നു. ഒരു നാളികേരം, നാലു നാളികേരം . എട്ടുനാളികേരത്താലുള്ള അഷ്ടദ്രവ്യ ഗണപതി ഹോമം എന്നിങ്ങനെയുള്ള ഗണപതിഹോമങ്ങളാണ്‌ ഇവിടെ പ്രധാനം. ഗണപതിഹോമത്തിനായി മുന്‍കൂട്ടി ബുക്കുചെയ്യേണ്ടതാണ്‌.


ഭഗവതിസേവ

സര്‍വ്വൈശ്വര്യത്തിനും അഭീഷ്ടസിദ്ധിക്കായും ഭഗവതിയേ പത്മത്തില്‍ ആവാഹിച്ചിരുത്തി താന്ത്രികവിധിപ്രകാരം നടത്തിപ്പോരുന്ന പൂജയാണ്‌ ഭഗവതിസേവ. ദീപാരാധന സമയത്തിനുശേഷമായിരിക്കും ഈ പൂജ നടത്തപ്പെടുക. ഈ വഴിപാട്‌ നടത്തുന്നതിന്‌ മുന്‍കൂട്ടി പണം അടച്ച്‌ രസീത്‌ വാങ്ങേണ്ടതാണ്‌.


എള്ളുപായസം, ചെറുപായസം

ശനിദോഷ നിവാരണത്തിനായും പാപപരിഹാര്‍ത്ഥമായും ശാസ്താവിന്‌ ഏള്ളുപായസം നടത്തിവരുന്നു. അരിയും ശര്‍ക്കരയും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കുന്ന ചെറുപായസം ഇവിടുത്തെ ഒരു പ്രത്യേകതയാണ്‌.



എള്ളുവിളക്ക്

ശാസ്‌താപ്രീതിക്കായി, ശനിദോഷ നിവാരണത്തിനായി എള്ള്‌തിരി കത്തിക്കുന്നത്‌ വളരെ വിശേഷപ്പെട്ട വഴിപാടാണ്‌. ശനിദേവന്റെ ധാന്യമാണ്‌ എള്ള്‌. ഭക്തജനങ്ങള്‍ സ്വയം നടത്തേണ്ട ഈ വഴിപാടിനാവശ്യമായ എള്ളുകിഴിയും എണ്ണയും വഴിപാടുകൌണ്ടറില്‍ നിന്നു ലഭ്യമാകും. ക്ഷേത്ര നടയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ്‌ എള്ളുതിരി കത്തിയ്ക്കേണ്ടത്.