ക്ഷേത്രചരിത്രം

ആരോഗ്യദായകനും, ശനിദോഷ പരിഹാരകനുമായ ഈ വരദേവന്‍ പാഴൂര്‍ മനയുടെ ഭരദേവനായിരുന്നു. ഇവിടുത്തെ വടക്കില്ലം ഇല്ലക്കാര്‍ ജന്മസ്ഥാനീയതകൊണ്ട് ദര്‍ശനം നടത്താന്‍ കഴിയാത്ത ശബരിമല ശ്രീ ധര്‍മ്മശാസ്താവിന് പകരം ആരാധിച്ചുവരുന്നത് വെള്ളിമുറ്റം ശ്രീ ധര്‍മ്മശാസ്താവിനെയാണ്. ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കം വെള്ളിമുറ്റത്തിനും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ചേന്നം പള്ളിപ്പുറം കരയിലെ കരനാഥന്മാരായിരുന്ന പൊക്കണാരില്‍ കുടുംബക്കാര്‍ പാഴൂര്‍ മനയില്‍ നിന്നും ക്ഷേത്രസംരക്ഷണഭാരം ഏറ്റെടുത്തിരുന്നു. മഹിഷിയെ നിഗ്രഹിയ്ക്കുകയും വാവരെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ചെയ്ത ധര്‍മ്മശാസ്താവ്ശസ്ത്രാസ്ത്ര വിദ്യകളില്‍ അഗ്രഗണ്യനായിരുന്നു എന്നാണല്ലോ പുരാണം.കരയിലെ കളരി നാഥന്മാരായിരുന്ന പൊക്കണാരില്‍ കുടുംബക്കാരുടെ ആയോധനാപരിശീലനക്കളരി തൊട്ടടുത്തുതന്നെ നാമാവശേഷമായ നിലയിലെങ്കിലും ഇന്നും നിലനില്‍ക്കുന്നതില്‍നിന്ന് നാടിന്റെ രക്ഷയ്ക്ക് കുടിയിരുത്തി ആരാധിച്ചുവന്ന ദേശദേവതയായിരുന്നു ഈ ധര്‍മ്മശാസ്താവെന്ന് അനുമാനിയ്ക്കാം.

ഒരുകാലത്ത് കൊട്ടാരവും ഊട്ടുപുരയും കുളിപ്പുരയും എല്ലാമായ് സമഗ്ര പ്രതാപത്തോടെശോഭിച്ചിരുന്ന ഒരു ക്ഷേത്രമായിരുന്നു ഇതെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ നാട്ടിലെ ഹൈന്ദവക്ഷേത്രങ്ങള്‍ക്കെല്ലാം അനുഭവപ്പെട്ട അവഗണനയുടെ അതിപ്രസരം ഇടക്കാലം കൊണ്ട് ഈ മഹാക്ഷേത്രത്തെ യും ബാധിച്ചു. അവസാനമായി പൂജനടത്തിച്ചുകൊണ്ടിരുന്ന ബ്രാഹ്മണീപറമ്പത്ത് ശാഖയിലെ കാരണവര്‍ ശ്രീ കൃഷ്ണക്കുറുപ്പ് ക്ഷേത്രവും അന്നുണ്ടായിരുന്ന വസ്തുവകകളും ക്ഷേത്രഭരണവും 817-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തെ ഏല്‍പ്പിക്കുകയുണ്ടായി. കുടുംബാംഗങ്ങളുടെയും, സേവന സന്നദ്ധരായ നാട്ടുകാരുടെയും പ്രവര്‍ത്തനഫലമായി ക്ഷേത്രം ഇന്നത്തെ നിലയിലെത്തിച്ചേര്‍ന്നു. 817-ാം നമ്പര്‍ കരയോഗം പിന്നീട് വിഭജിയ്ക്കപ്പെട്ട് 4454-ാം നമ്പര്‍കരയോഗം കൂടി രൂപംകൊണ്ടു. ഇപ്പോള്‍ രണ്ടുകരയോഗങ്ങളും സംയുകതമായാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.